കർണാടകത്തിൽ ജാതിസർവേക്ക് ഇന്നലെ തുടക്കം കുറിച്ചു. ബാംഗ്ലൂർ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലായിടത്തും കണക്കെടുപ്പ് ആരംഭിച്ചു. ബെംഗളൂരുവിൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാകും സർവേ ആരംഭിക്കുക. തുല്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർവേ നടത്തുന്നതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. 1.75 ലക്ഷം പേരെയാണ് സർവേ നടത്താൻ നിയോഗിച്ചിരിക്കുന്നത്. കർണാടകയിലെ ഏഴുകോടിയോളം ആളുകളുടെ വിവരങ്ങളാണ് ഒക്ടോബർ ഏഴുവരെ നടത്തുന്ന സർവേയിൽ ശേഖരിക്കുന്നത്. ഇതിനായി സർവേ ജീവനക്കാർ രണ്ടുകോടി വീടുകൾ സന്ദർശിക്കും.

ഓരോ ജാതിയിൽ ഉൾപ്പെട്ടവരുടെയും എണ്ണം കണക്കാക്കുന്നതിനൊപ്പം സാമൂഹിക, വിദ്യാഭ്യാസനില മനസ്സിലാക്കുന്നതിന് കൂടിയാണ് സർവേ എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ബിജെപിയും ജെഡിഎസും ജാതി സർവേയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

Related Posts