ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിൽ ഒരു കമ്പനിയും ഐടി തലസ്ഥാനം വിട്ടുപോകില്ലെന്ന് കർണാടക സർക്കാർ ഉറപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.
റോഡുകളുടെ മോശം അവസ്ഥയ്ക്ക് കോൺഗ്രസ് സർക്കാർ വിമർശനം നേരിടുന്ന സമയത്താണ് ബെംഗളൂരു വികസന, നഗരാസൂത്രണ മന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രതികരണം.

ഇന്ത്യയുടെ സിലിക്കൺ വാലിക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ റോഡ് മാപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, “ബെംഗളൂരു വളരെ വലുതായി, അതിനാൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഞങ്ങൾ അഞ്ച് കോർപ്പറേഷനുകൾ രൂപീകരിച്ചു. വലിയ പദ്ധതികൾക്കായി, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു.”

ബെംഗളൂരു വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളിലും കഴിവുകളിലും തൃപ്തരല്ലെങ്കിൽ ആർക്കും സ്ഥലം മാറാൻ സ്വാതന്ത്ര്യമുണ്ടെന്നും ശിവകുമാർ പറഞ്ഞു. അടുത്തിടെ, കുഴിയിൽ കുടുങ്ങി ഒരു സ്കൂൾ ബസ് ഏതാണ്ട് മറിയുന്നതിൻ്റെ ദൃശ്യങ്ങൾ വൈറലായത് വിമർശനത്തിന് കാരണമായി. “എല്ലാ സ്കൂളുകൾക്കും ഒരു ഫ്ലൈഓവർ നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയില്ല, ബെംഗളൂരുവിൻ്റെ ചരിത്രത്തിൽ ആദ്യമായി 112 കിലോമീറ്റർ ഫ്ലൈഓവറുകളും 44 കിലോമീറ്ററിലധികം എലിവേറ്റഡ് ഡബിൾ ഡെക്കർ റോഡുകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്, അതിൻ്റെ പണി പുരോഗമിക്കുകയാണ്. ബെംഗളൂരു അതിവേഗം വളരുകയാണ്, എല്ലാ ദിവസവും നൂറുകണക്കിന് കമ്പനികൾ ഇവിടെ വരുന്നു.” അദ്ദേഹം പറഞ്ഞു.

Related Posts