ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന ശക്തമായ മഴയിൽ 18 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിമാചലിലിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉത്തരാഖണ്ഡിൽ 15 പേരുമാണ് മരണമടഞ്ഞത്. തംസ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തപ്കേശ്വർ ക്ഷേത്രം വെള്ളത്തിനടിയിലായി.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് ഡെറാഡൂണിലാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. ഒരു ബസ് സ്റ്റാൻഡ് മുഴുവൻ വെള്ളപ്പൊക്കത്തിൽ മുങ്ങുകയും കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 15 മരണത്തിന് പുറമേ 16 പേരെ കാണാതായാതായി റിപ്പോർട്ടുണ്ട്. 900-ൽ അധികം ആളുകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടു. 13 മരണങ്ങൾ ഡെറാഡൂണിൽ മാത്രം റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിൽ നിന്നുള്ള 8 തൊഴിലാളികൾ ടോൺസ് നദിയിൽ ട്രാക്ടർ ഒഴുക്കിൽ പ്പെട്ട് മുങ്ങിമരിച്ചു. ഡെറാഡൂൺ ജില്ലയിലെ പ്രധാന റോഡുകൾ ഒലിച്ചുപോവുകയും നിരവധി പാലങ്ങൾ തകരുകയും ചെയ്തു. പല പ്രദേശങ്ങളിലേക്കും ഉള്ള ഗതാഗതം ഇത് മൂലം തടസ്സപ്പെട്ടു. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ ദേവഭൂമി ഇൻസ്റ്റിറ്റ്യൂട്ടിൽ കുടുങ്ങിയ 400-500 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് ആളുകളെയും ഇവർ സഹായിച്ചു.
മാണ്ഡി ജില്ലയിലെ ബ്രഗ്ത ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ ഒരു വീട് തകർന്ന് 2 സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. 4 പേരെ കാണാതായി. വാഹനങ്ങൾ ഒലിച്ചുപോവുകയും കടകളിൽ വെള്ളം കയറുകയും ചെയ്തതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
ദേശീയപാതകൾ ഉൾപ്പെടെ 655 റോഡുകൾ അടച്ചു 1,250 വൈദ്യുതി ട്രാൻസ്ഫോർമറുകളും 160 ജലവിതരണ പദ്ധതികളും തകരാറിലായി. ഷിംലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി. നഗരത്തിലെ പ്രധാന റോഡുകളും തടസ്സപ്പെട്ടു. ജൂൺ 20 മുതൽ ഹിമാചലിൽ 417 മരണങ്ങളും 45 പേരെ കാണാതാവുകയും ചെയ്തു. 4,504 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.