നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ തീവെച്ച ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനിക്ക് ജീവൻ നഷ്ടമായി. രാജേഷ് ഗോല(57) യാണ് മരിച്ചത്. ഇവർ ഭർത്താവ് രാംവീർ സിങ് ഗോലക്കൊപ്പം സെപ്തംബർ 7 മുതൽ ഹയാത്ത് റീജൻസി എന്ന ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.
പ്രക്ഷോഭകർ സെപ്തംബർ 9 ന് ഹോട്ടലിന് തീവെച്ച സമയത്ത് ജനൽ വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ രാജേഷ് ഗോലക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ആശുപ്രതിയിൽ വെച്ച് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഭർത്താവിൻ്റെ പരിക്ക് ഗുരുതരമല്ല.
നേപ്പാളിൽ ഭരണകൂടത്തിനു നേരെ ഒരാഴ്ചയായി നടക്കുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 51 ഓളം പേർ മരിക്കുകയും 1300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭകർക്കുനേരെ തിങ്കളാഴ്ച നടന്ന പൊലീസ് വെടിവെപ്പിലാണ് കൂടുതൽപേർ കൊല്ലപ്പെട്ടത്. പാർലമെൻ്റും മന്ത്രിമാരുടെ വസതികളുമെല്ലാം പ്രക്ഷോഭകർ ചൊവ്വാഴ്ച തീവെച്ച് നശിപ്പിച്ചിരുന്നു.