യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസും ജാനിക് സിന്നറും ഏറ്റുമുട്ടും. ഈ വർഷം മൂന്നാം തവണയാണ് ഗ്രാൻസ്‌ലാം ഫൈനലിൽ ഏറ്റുമുട്ടാൻ സിന്നറിനും അൽകാരസിനും അവസരമൊരുങ്ങുന്നത്. സെമിയിൽ കാനഡയുടെ ഫെലിക്‌സ് ഓഷ്യ അലിയാസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിന്നർ ഫൈനലിൽ എത്തിയത്. ആദ്യ സെറ്റ് സിന്നർ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ഫെലിക്‌സ് കരസ്ഥമാക്കി. എന്നാൽ മൂന്നും നാലും സെറ്റുകളിൽ ഫെലിക്‌സിന് യാതൊരു അവസരവും നൽകാതെ മുന്നേറി സിന്നർ ഫൈനൽ ബർത്ത് ഉറപ്പാക്കുകയായിരുന്നു. സ്കോർ: 6-1, 3-6, 6-3, 6-4. നാളെയാണ് ഫൈനൽ.
ഫ്രഞ്ച് ഓപണിലും വിംബിൾഡണിലും ഏറ്റുമുട്ടിയപ്പോൾ ഇരുവരും ഓരോ വിജയം വീതം നേടി. ഇറ്റാലിയൻ താരമായ സിന്നറാണ് നിലവിൽ യൂ.എസ് ഓപ്പൺ വിജയി. കിരീടം നിലനിർത്താനായി സിന്നർ എത്തുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അൽകാരസും ലക്ഷ്യമിടുന്നില്ല. അതിൽത്തന്നെ ഞായറാഴ്‌ചത്തെ പോരാട്ടത്തിൽ തീപാറുമെന്ന് ഉറപ്പ്.