ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൂടുതൽ റൂട്ടുകളിൽ അധിക സർവിസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. പുതുതായി വാങ്ങിയ ബസുകളും സർവിസുകൾക്ക് ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സി. ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു.
നിലവിൽ ക്രമീകരിച്ചിട്ടുള്ള സ്പെഷൽ സർവിസുകൾക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് പ്രീമിയം വിഭാഗങ്ങളിൽ പെട്ട ബസ്സുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ സ്പെഷൽ സർവിസിനായി ഉപയോഗിക്കുക. ഓണക്കാലത്തെ സ്പെഷൽ സർവിസുകൾക്കു ശേഷമാകും ഈ ബസ്സുകൾ ഡിപ്പോകൾക്കു കൈമാറുക.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സർവിസുകൾക്ക് ഇന്നലെ തുടക്കമായി. അടുത്തമാസം 15 വരെയാണ് സ്പെഷൽ സർവിസുകൾ. ഇതിനായുള്ള ബുക്കിങ്ങുകളും തുടങ്ങി. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവിസുകൾ ക്രമീകരിക്കും. ഓണത്തോടനുബന്ധിച്ച് ശബരിമല സ്പെഷൽ സർവിസുകളും നടത്തുന്നുണ്ടെന്ന് ജി.പി.പ്രദീപ് കുമാർ പറഞ്ഞു.