ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും.
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്ന കേസിലാണ് ലക്ഷ്മി മേനോനെ പോലീസ് കേസെടുത്തിരുന്നത്. ലക്ഷ്മി മേനോൻ്റെ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഓണാവധി കഴിഞ്ഞ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച ലക്ഷ്മിയുടെ അറസ്റ്റ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടയുകയായിരുന്നു. നഗരത്തിലെ ബാറിൽ ഈ മാസം 24 ന് 2 സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് തട്ടിക്കൊണ്ടുപോകൽ കേസിൽ കലാശിച്ചത്.
ലക്ഷ്മി മേനോനും ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കളും കാറിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് ഉപേക്ഷിച്ചെന്നാണ് ഐടി ജീവനക്കാരനായ യുവാവിൻ്റെ പരാതി. ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്ന അനീഷ്, സോനാമോൾ, മിഥുൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.