ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് പ്രഖ്യാപിച്ച് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ഏറ്റവും മികച്ച ഡീൽ എവിടെ നിന്നാണോ ലഭിക്കുന്നത് അവിടെ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് അംബാസഡർ അറിയിച്ചു. അമേരിക്കയുടെ ഇപ്പോഴത്തെ താരിഫ് നയങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ റഷ്യയുമായുള്ള സഹകരണം സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ തീരുമാനം നീതിക്ക് നിരക്കാത്തതാണെന്നും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ വിമർശനത്തിലെ വൈരുദ്ധ്യം അംബാസഡർ എടുത്തു പറഞ്ഞു. യൂറോപ്പും അമേരിക്കയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനയോടും യൂറോപ്പിനോടും ഇല്ലാത്ത എതിർപ്പാണ് ഇന്ത്യയുടെ എണ്ണ വാങ്ങലിനോട് ട്രംപ് കാണിക്കുന്നത്. ഇന്ത്യൻ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രസ്താവിച്ചത്. ഇതിനു പിന്നാലെയാണ് റഷ്യയിലെ ഇന്ത്യൻ അംബാസഡറും പ്രതികരിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ പണമടവിന് യാതൊരു വിധ തടസ്സങ്ങളും ഇന്ത്യൻ ഉണ്ടാകില്ലെന്നും അംബാസഡർ ഉറപ്പ് നൽകി.

Related Posts