മെസി നവംബറിൽ കേരളത്തിലെത്തും
ലയണൽ മെസി ഉൾപ്പെടുന്ന അർജൻ്റീനയുടെ ഫുട്ബോൾ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ കേരളത്തിലെത്തും. ഇതുസംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ടീം കേരളത്തിൽ നവംബർ 10നും 18നും ഇടയിലായിരിക്കും സൗഹൃദമത്സരം കളിക്കുക. ഇക്കാര്യം മന്ത്രി വി.അബ്ദുറഹ്മാനും സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജൻ്റീന ഫുട്ബോൾ ടീം അറിയിച്ചു.
മത്സരരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് റിപ്പോർട്ട്. മെസി മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് കേരളത്തിലേക്കെത്തുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമായത്. മെസി ഇതിന് മുമ്പ് 2011 സെപ്റ്റംബറിലാണ് ഇന്ത്യയിലെത്തിയത്. കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ മെസി അന്ന് കളിച്ചിരുന്നു.