യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഉത്തരവ് നൽകിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലിന് സ്വീകാര്യമായ വ്യവസ്ഥകളോടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇസ്രായേൽ ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നിലപാട്.
കാബിനറ്റ് മന്ത്രിമാർ, പ്രതിരോധ മേധാവി എന്നിവരുമായി ഗസ്സയിലെ പൂർണ അധിനിവേശം സംബന്ധിച്ച് നെതന്യാഹു ചർച്ച നടത്തി. ഇസ്രായേൽ ഒരു നിർണായക ഘട്ടത്തിലാണെന്നും നെതന്യാഹു പറഞ്ഞു. പോസിറ്റീവായി ഹമാസ് ചർച്ചകളോട് പ്രതികരിച്ച ശേഷം ഇതാദ്യമായാണ് നെതന്യാഹു ഇക്കാര്യത്തിൽ പൊതുവിടത്തിൽ പ്രതികരിക്കുന്നത്.
ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ ഈയാഴ്ച ആദ്യം നടത്തിയ ചർച്ചകളോട് ഹമാസ് പോസിറ്റീവായി പ്രതികരിച്ചിരുന്നു. ഹമാസ് 60 ദിവസത്തെ വെടിനിർത്തലിനാണ് അംഗീകാരം നൽകിയത്. ഇസ്രായേൽ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇപ്പോഴും ഗസ്സയിൽ 50 ഓളം ബന്ദികൾ ഉണ്ടെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. ഇതിൽ 20 പേരെങ്കിലും ജീവനോടെയുണ്ടാകുമെന്നും ഇസ്രായേൽ അനുമാനിക്കുന്നു.