മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. നഗരത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. ഇന്ന് മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. നിലവില്‍ 155 വിമാന സര്‍വീസുകളാണ് വൈകിയിരിക്കുന്നത്. മുംബൈയിലേക്കുള്ള 102 വിമാനങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങൾ ഒഴികേയുള്ള എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും മഴയേത്തുടർന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നഗരസഭയുടെ ബസ് സർവീസുകൾ പലതും റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ റൂട്ടുകൾ മാറ്റിയാണ് സർവീസ് നടത്തുന്നത്. ഇതിന് പുറമെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതത്തിനെയും ബാധിച്ചിട്ടുണ്ട്. അരമണിക്കൂറോളം വൈകിയാണ് ദൃശ്യപരിധി കുറഞ്ഞതിനാൽ പല ട്രെയിനുകളും സർവീസ് നടത്തുന്നത്. സബർബൻ സർവീസിനെയും വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്.