ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ 18 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യമായി. ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ എന്നാണ് ഈ കരാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈ കരാർ നിലവില്‍ വരുന്നതോടെ അത്യാധുനിക മരുന്നുകള്‍, ആഡംബര കാറുകള്‍, വൈന്‍ എന്നിവയുള്‍പ്പെടെയുള്ള ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയും. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ളവ ഉള്‍പ്പെടെയുള്ള അത്യാധുനിക യൂറോപ്യന്‍ മരുന്നുകള്‍ക്കും വില കുറയും. കൂടാതെ ഇന്ത്യന്‍ മരുന്നുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.
വൈനുകള്‍ക്കും സ്പിരിറ്റുകള്‍ക്കും മേലുള്ള 150 ശതമാനം തീരുവ 20 ശതമാനമായി കുറയ്ക്കും. സ്‌കോച്ച് വിസ്‌കികള്‍ക്കും പ്രീമിയം വൈനുകള്‍ക്കും വില ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. 16 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള കാറുകളുടെ തീരുവ ഉടനടി 40 ശതമാനമായി കുറയും. ബിഎംഡബ്ല്യു, ഔഡി, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയ യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് ഘട്ടം ഘട്ടമായി കുറയ്ക്കും. ഇത് പിന്നീട് 10 ശതമാനം വരെയാക്കാനാണ് തീരുമാനം. ആഡംബര കാറുകളുടെ വിലയില്‍ ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടാകും.