താരസംഘടനയായ അമ്മ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വോട്ട് ചെയ്യാനെത്തി മുൻ പ്രസിഡന്റ് മോഹൻലാൽ. നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. നല്ല രീതിയിൽ സംഘടനയെ നയിക്കാൻ ഇന്ന് തിരഞ്ഞെടുക്കുന്ന പുതിയ കമ്മിറ്റിക്ക് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു.
‘ആരും ഇതിൽ നിന്ന് വിട്ട് പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയിൽ അമ്മയെ മുന്നോട്ടുകൊണ്ടുപോകും എല്ലാവരും ചേർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് വിശ്വാസം’ വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ പ്രതികരിച്ചു.
ഇത്തവണത്തെ അമ്മ തിരഞ്ഞെടുപ്പ് സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമാണെന്ന് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. നിർമ്മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പ് പോലെ എല്ലാവർക്കും സ്വീകാര്യമായവർ ഇവിടെയും തിരഞ്ഞെടുക്കപ്പെടും. വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി മാരിയറ്റ് ഹോട്ടലിൽ ഇന്ന് രാവിലെ 10 മണിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 1 മണി വരെ നടക്കും. ഫലപ്രഖ്യാപനം വൈകിട്ട് 4 മണിയോടെ ഉണ്ടാകും. 233 വനിതാ അംഗങ്ങൾ ഉൾപ്പെടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം.