ലോകസഭയിൽ നാഷണൽ സ്പോർട്‌സ് ഗവേണൻസ് ബിൽ പാസ്സായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് കായികമേഖലയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇതിനെ വിശേഷിപ്പിച്ചത്. ലോക്സഭയിൽ തിങ്കളാഴ്‌ച ദേശീയ ഉത്തേജകവിരുദ്ധ ഭേദഗതി ബില്ലും പാസ്സായി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ ലോക്സഭയിൽ പാസ്സായത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് കായികരംഗത്തുണ്ടായ ഏറ്റവും വലിയ പരിഷ്കാരമാണിത്. കായിക ഫെഡറേഷനുകളിൽ ഈ ബിൽ ഉത്തരവാദിത്വവും നീതിയും മികച്ച ഭരണവും ഉറപ്പാക്കും. – മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ കായിക രംഗത്ത് ഇതിന് വലിയ പ്രാധാന്യമുണ്ടാകും. ഇത്രയും പ്രധാനപ്പെട്ട ഒരു ബില്ലിൽ പ്രതിപക്ഷത്തിൻ്റെ പങ്കാളിത്തമില്ലാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കായികമേഖലയിൽ വിശ്വാസ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. കേന്ദ്രസർക്കാരിന്‍റെ ഫണ്ട് ഇതനുസരിച്ച് ലഭ്യമാകണമെങ്കിൽ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും ദേശീയ കായിക ബോർഡിൻ്റെ അംഗീകാരം നേടിയിരിക്കണം. ദേശീയ ഉത്തേജക ഔഷധവിരുദ്ധ ഏജൻസിക്ക് (നാഡ) സ്വയം ഭരണാധികാരം ഉറപ്പുവരുത്തുന്നതാണ് ദേശീയ ഉത്തേജകവിരുദ്ധ ഭേദഗതി ബിൽ.

കായിക ഫെഡറേഷനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിലും കായികമത്സരങ്ങളിലേക്കുള്ള താരങ്ങളെയും അത്ലറ്റുകളെയും തിരഞ്ഞെടുക്കുന്നതിലും തർക്കങ്ങളുണ്ടായാൽ പരിഹരിക്കാൻ സിവിൽ കോടതിയുടെ അധികാരങ്ങളോടുകൂടിയ ദേശീയ കായിക ട്രിബ്യൂണൽ രൂപവത്കരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

Related Posts