കർണാടകയിൽ ചൊവ്വാഴ്‌ച ഇടക്കാല ഉത്തരവ് നിലനിൽക്കെ ആരംഭിച്ച അനിശ്ചിതകാല ഗതാഗത പണിമുട ക്കി കർണാടക ഹൈകോടതി രൂക്ഷമായി വിമർശിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഹെഡറേഷൻ, വ്യാഴാഴ്ച വരെ സമരം നിർത്തി വെച്ചതായി പ്രഖ്യാപിച്ചു.

പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്ന കോടതി നിർദേശം നിലനിൽക്കുകയും അവശ്യ സേവന പരിപാലന നിയമം (എസ്‌മ) ചുമത്തുകയും ചെയ്തിട്ടും സമരം നടത്തുന്നതിനെതിരെ ജസ്റ്റിസ് സി.എം. ജോഷി, ചീഫ് ജസ്റ്റിസ് വിഭു ബക്രു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. സമരം തുടരുന്നത് അനുവദിക്കില്ലെന്നും യൂനിയൻ നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭി ക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

രണ്ട് ദിവസത്തേക്കുകൂടി പണിമുടക്ക് തടഞ്ഞുകൊണ്ടുള്ള മുൻ ഇടക്കാല ഉത്തരവ് കോടതി നീട്ടിയതായും പണിമുടക്ക് പിൻവലിച്ചതായി സ്ഥിരീകരിച്ച് ബുധനാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ യൂനിയനുകളോട് നിർദേശിച്ചതായും കോടതി അറിയിച്ചു. ജീവനക്കാർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായും വ്യാഴാഴ്ച വരെ സമരം താൽക്കാലികമായി നിർത്തിവെച്ചതായും കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് എച്ച്.വി. അനന്ത സുബ്ബറാവു ബംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related Posts