ഇന്ത്യൻ വംശജനെ അഞ്ചംഗ സംഘം ഓസ്ട്രേലിയയിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിരയായത് സൗരഭ് ആനന്ദ് എന്ന 33കാരനാണ്. മെൽബണിലെ അൽറ്റോണ മെഡോസ് സബർബിലുള്ള ഒരു ഷോപ്പിങ് സെന്ററിന് പുറത്തു വെച്ച് ജൂലൈ 19-നായിരുന്നു സംഭവം. സെൻട്രൽ സ്ക്വയർ ഷോപ്പിങ് സെന്ററിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി അക്രമികൾ ഫോണിൽ സംസാരിച്ചുക്കൊണ്ട് നടക്കുമ്പോൾ ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവാവിനെ ഉദ്ധരിച്ച് ‘ദി ഏജ്’റിപ്പോർട്ട് ചെയ്യുന്നു. കവർച്ചയായിരുന്നു ഉദ്ദേശ്യമെന്നും കൗമാരക്കാരായ കുട്ടികളാണ് തന്നെ ഉപദ്രവിച്ചതെന്നും യുവാവ് പറഞ്ഞു. തന്റെ പോക്കറ്റ് പരിശോധിക്കുകയും ക്രൂരമായി കൂട്ടം ചേർന്ന് മർദിക്കുകയുമായിരുന്നു.
വെട്ടുക്കത്തിയെടുത്ത് ഒരാൾ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറകിലും തോളിലും കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു. സൗരഭ് ആനന്ദ് പറഞ്ഞു. വഴിയാത്രക്കാരാണ് രക്തത്തിൽ കുളിച്ച് സഹായത്തിനായി സെൻ്ററിന് പുറത്തേക്കെത്തിയപ്പോൾ ആശുപത്രിയിലെത്തിക്കുന്നതിന് സഹായിച്ചത്. കയ്യിലെ എല്ലുകൾക്ക് ഒടിവും നട്ടെല്ലിന് പൊട്ടലും തലയ്ക്ക് ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു. ഗുരുതരമായ കൈയിലെ പരിക്കിനെ തുടർന്ന് ഇടതുകൈ മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ ആദ്യം ഭയപ്പെട്ടിരുന്നു.
മണിക്കൂറുകൾ നീണ്ട അടിയന്തര ശസ്ത്രക്രിയ ഫലം കണ്ടതിനാൽ കൈ മുറിച്ചുമാറ്റേണ്ട സ്ഥിതിയുണ്ടായില്ല. രോഗമുക്തി എത്രത്തോളം ഉണ്ടാകുമെന്ന് പറയാനാവില്ലെന്നും പരിക്കുകൾ വളരെ ഗുരുതരമാണെന്നും, ഡോക്ടർമാർ പറഞ്ഞു. 4 കൗമാരക്കാരെ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ചാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയുമാണ്. 2 രണ്ടുപേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.