കൊല്ലം തേവലക്കര സ്കൂളിൽ വച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന് കൈമാറി. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ലൈനിന് താഴെ ഷെഡ് നിർമ്മിച്ചതിൽ വീഴ്ച സംഭവിച്ചു. നിയമലംഘനം ശ്രദ്ധയിൽ പെട്ടപ്പോൾ നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി.
സൈക്കിൾ ഷെഡും വൈദ്യുതി ലൈനും തമ്മിൽ സുരക്ഷിതമായ അകലമില്ല. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്കൂളിന് നോട്ടീസ് നൽകി പരിഹരിക്കാൻ നടപടിയെടുത്തില്ല. വ്യക്തിഗത വീഴ്ച കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആർക്കെതിരെയും നടപടിക്ക് ശിപാർശയില്ല. ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.