ബോധ് ഗയ ജില്ലയിൽ ഹോം ഗാർഡ് റിക്രൂട്ട്മെൻ്റിനിടെ ബോധം നഷ്ടപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസിൽ വച്ച് കൂട്ടബലാത്സംഗം. 26കാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ബലാത്സംഗം ചെയ്തത് ആംബുലൻസ് ഡ്രൈവറായ വിനയ്കുമാര്‍, സഹായിയായ അജിത്കുമാറുമാണ്.
പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ബോധ് ഗയയിലെ ബീഹാർ മിലിട്ടറി പോലീസ് ഗ്രൗണ്ടിൽ ജൂലൈ 24 ന് നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരിശീലനത്തിനിടെയാണ് സംഭവം. ശാരീരിക ക്ഷമതാ പരിശോധന നടത്തുന്നതിനിടെയായിരുന്നു യുവതി ബോധരഹിതയായത്. സംഭവസ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ യുവതിയെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിയ ഉടനെ യുവതി താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പരാതിപ്പെട്ടു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആംബുലന്‍സ് സഞ്ചരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് റൂട്ട് ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.