സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മിഥുൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഓടിക്കളിച്ചു നടന്ന അതേ വഴിയിലൂടെ ചേതനയറ്റ് വിളന്തറയിലെ വീട്ടിലേക്ക് മിഥുനെത്തിയത് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി. ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലേക്ക് എത്തിയത്. വിലാപയാത്രയായാണ് സ്കൂളിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചത്.
മിഥുന് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്. മിഥുൻ പഠിച്ച സ്കൂളിലെത്തി സഹപാഠികളും അധ്യാപകരും അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. അമ്മയും അച്ഛനും അനുജൻ സുജിനും അന്ത്യചുംബനം നൽകി. കുഞ്ഞനുജൻ സുജിനാണ് ചിതയ്ക്ക് തീകൊളുത്തിയത്.