അമേരിക്കയിലെ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിൻ്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.അലാസ്കയുടെ തീരദേശഭാഗങ്ങളിൽ ശക്തമായ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.

സുനാമി മുന്നറിയിപ്പ് നൽകിയിരുന്ന പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു. തെക്കൻ അലാസ്കയ്ക്കും സമീപഭാഗങ്ങളിലുമാണ് ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയത്. ദക്ഷിണ അലാസ്കയ്ക്കും അലാസ്ക ഉപദ്വീപിലും ഭൂചലനം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.

ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ഭൂചലനമാണ് ഉണ്ടായതെങ്കിലും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അറിയിച്ചു. യുഎസിൽ ഭൂകമ്പ സാധ്യത കൂടുതലുള്ള സംസ്ഥാനമാണ് അലാസ്ക. യുഎസിലെ ഭൂചനങ്ങളിൽ 17.5 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് അലാസ്കയിലാണ്.

Related Posts