സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതാണ് പാകിസ്താന്റെ ആണവപദ്ധതിയെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇസ്ലാമാബാദില് ശനിയാഴ്ച പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-പാക് സംഘര്‍ഷവേളയില്‍ മുഴുവന്‍ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് നേരത്തെ റഷ്യയിലെ പാകിസ്താന് അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി, വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയോടു പറഞ്ഞിരുന്നു. ഇപ്പോള്‍ ഷഹബാസ് ഷരീഫില്‍ നിന്നുണ്ടായിരിക്കുന്നത് ഈ നിലപാടിന് തീര്‍ത്തും വിരുദ്ധമായ പ്രസ്താവനയാണ്.
4 ദിവസത്തെ ഇന്ത്യയുമായുണ്ടായ സംഘർഷത്തിൽ 55 പാക് സൈനികർ കൊല്ലപ്പെട്ടെന്നും രാജ്യം മുഴുവൻ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ആണവായുധ പ്രയോഗത്തിന്റെ സാധ്യതയേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാകിസ്താൻ്റെ ആണവപദ്ധതി, സമാധാനപരമായ ആവശ്യങ്ങൾക്കും ദേശസുരക്ഷയ്ക്കും മാത്രമുള്ളതാണെന്നും ആക്രമണണങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്.
സിന്ധൂനദീജലക്കരാർ മരവിപ്പിക്കാൻ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തീരുമാനിച്ചിരുന്നു. നേരത്തെ ഇതിന് പിന്നാലെയായിരുന്നു മുഹമ്മദ് ഖാലിദ് ജമാലിയുടെ പ്രതികരണം. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് തടയാനോ നിയന്ത്രിക്കാനോ വഴിതിരിച്ചുവിടാനോ ശ്രമിക്കുന്നത് യുദ്ധംതന്നെയാണെന്നും അതിനോട് മുഴുവൻ ശക്തിയും ഉപയോഗിച്ച് പ്രതികരിക്കുമെന്നുമാണ് ജമാലി പറഞ്ഞിരുന്നത്. സംഘർഷ സാഹചര്യത്തിൽ പാകിസ്താൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന സൂചനയായും ഈ പ്രസ്താവന വിലയിരുത്തപ്പെട്ടിരുന്നു.