തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. വാർധക്യസഹജമായ അസു ഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സിയിലായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഫിലിം നഗറിലെ വസതിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. 1973-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ‌ ജില്ലയിലെ കങ്കിപാടു സ്വദേശിയായ കോട്ട ശ്രീനിവാസ റാവു സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സുവർണ സുന്ദരി എന്ന 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

4 പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യവേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയ ശ്രീനിവാസ റാവുവിനെ നേടി നിരവധി പുരസ്കാരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന് 2015 ൽ പത്മശ്രീ ലഭിച്ചു. വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്ന് 1999 മുതൽ 2004 വരെ ബിജെപി എംഎൽഎയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related Posts