അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ന്യൂനമർദ്ദം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായതായും കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ കേരളത്തിൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും നാളെ മുതൽ 12/07/2025 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് (08/07/2025) രാത്രി 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിയ്ക്കുക. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മാറി താമസിക്കണം.