വടക്കൻ നൈജറിലെ സഹാറ മരുഭൂമിയിൽ വാഹനം കേടായി കുടുങ്ങിയ യാത്രാസംഘത്തിലെ 50 പേർ കടുത്ത ദാഹം മൂലം മരിച്ചു. മാലിയിൽ നിന്ന് പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് മരുഭൂമിയുടെ ഉൾപ്രദേശത്ത് കുടിവെള്ളം കിട്ടാതെ ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട രണ്ടുപേർ വിവരം അറിയിച്ചതിനെ തുടർന്നാണ് ലോകത്തെ നടുക്കിയ ദുരന്ത വാർത്ത പുറംലോകമറിഞ്ഞത്.

ഗ്രാമീണർ അടക്കം സഞ്ചരിച്ച ലോറി നൈജറിനും അൾജീരിയക്കും ഇടയിലുള്ള പ്രധാന അതിർത്തി ക്രോസിംഗ് പോയിന്റ് വഴി യാത്ര ചെയ്യവെ തകരാറിലാവുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ പതിവായി സഞ്ചരിക്കുന്ന വഴിയിൽ നിന്ന് വാഹനം വഴിമാറി പോയിരുന്നതായും വിവരമുണ്ട്. വെള്ളം തീർന്നപ്പോൾ അസമാക്കക്ക് 80 കിലോമീറ്ററിലധികം (50 മൈൽ) ദൂരത്തിൽ സഹാറ മരുഭൂമിയുടെ പടിഞ്ഞാറ് കുടുങ്ങി പോകുകയായിരുന്നു.

അസഹ്യമായ താപനിലയും ജലവിതരണ പോയിൻ്റുകൾ ഇല്ലാത്തതും യാത്രക്കാരുടെ അതിജീവനം അസാധ്യമാക്കുകയായിരുന്നുവെന്ന് നൈജർ നഗരമായ അഗഡെസിലെ ഗവർണർ പറഞ്ഞു. മരുഭൂമിയിലൂടെ സഞ്ചരിച്ച് പുറത്തെത്തിയത് രണ്ട് പേർ മാത്രമാണെന്നും ഇവർ അസമക്കയിലേക്ക് എത്തിയാണ് അധികൃതരെ വിവരം അറിയിച്ചതെന്നും ഗവർണർ വ്യക്തമാക്കി.

വർഷങ്ങളായി ഇത്തരം സംഭവങ്ങൾ ഇവിടെ പതിവാണെന്ന് ഒരു പ്രാദേശിക എൻജിഒ മേധാവി ചെഹുവോ അസിസോ ബിബിസിയോട് വ്യക്തമാക്കിയിട്ടുണ്ട്. മരുഭൂമി കടക്കാനുള്ള ‘ഇമിഗ്രേഷൻ’ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ ഡ്രൈവർമാരും ചില യാത്രക്കാരും വരെയുണ്ട്.

Related Posts