മുംബൈയിലെ നാസിക് ജില്ലയിലെ ഭുസാവലിൽ പ്രണയവിവാഹത്തിനു പിന്നാലെ, വരനെ കെട്ടിയിട്ട് നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റു ചെയ്തു. തങ്ങളുടെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണ് ഭാര്യാപിതാവിൻ്റെ നേതൃത്വത്തിൽ 15 അംഗസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്.
കഴിഞ്ഞ മാസം 18 നാണ് ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹിതരായത്. തുടർന്നു ഭുസാവൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ യുവാവും യുവതിയും തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു.
പിന്നീട് യുവാവിൻ്റെ അമ്മാവൻ്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ 15 അംഗ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായവരെ കോടതി കസ്റ്റഡിയിൽ വിട്ടു.