അമേരിക്ക ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ച പുരോഗമിക്കുന്നതിനിടെയാണ് നിർണായക സൂചനകൾ പുറത്ത് വരുന്നത്. ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിൻവലിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കൽക്കട്ടയിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫ് പിൻവലിക്കുന്നതിനുള്ള സൂചനകൾ സാമ്പത്തിക ഉപദേഷ്ടാവ് പുറത്ത് വിട്ടത്. ’25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ നടന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ 30 ന് ശേഷം പിഴത്തിരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.’ വി അനന്ദനാഗേശ്വരൻ പറഞ്ഞു.