2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും. സ്കോട്ല‌ൻഡിലെ ഗ്ലാസ്‌ഗോയിൽ ബുധനാഴ്‌ച നടന്ന കോമൺവെൽത്ത് സ്പോർട് ജനറൽ അസംബ്ലിക്കു ശേഷമായിരുന്നു ഔദ്യോഗിക വേദി പ്രഖ്യാപനം. കോമൺവെൽത്ത് ഗെയിംസിൻ്റെ ശതാബ്‌ദി പതിപ്പുകൂടിയാണിത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 2010-ൽ ഡൽഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.

2030-ലെ വേദിക്കായി നൈജീരിയയും രംഗത്തുണ്ടായിരുന്നു. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്‌സ് ജനറൽ അസംബ്ലിയിൽ 74 കോമൺവെൽത്ത് അംഗരാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഇന്ത്യയുടെ ബിഡ് അംഗീകരിക്കുകയായിരുന്നു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിൻ്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. അതേസമയം, 2030 ഗെയിംസിൽ 15 മുതൽ 17 വരെ കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് സംഘാടകർ.

Related Posts