ഹോർമോസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിൻ്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം. രാജ്യത്തെ പ്രതിരോധിക്കാൻ 1.4 കോടിയിലധികം ഇറാനികൾ ജീവൻ ത്യജിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വെളിപ്പെടുത്തി.
തൻ്റെ ജീവിതം ഇറാനുവേണ്ടി ഉഴിഞ്ഞുവെച്ചതാണെന്നും രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ഏതറ്റം വരെ പോകാനും താൻ സന്നദ്ധനാണെന്നും പെസെഷ്കിയാൻ എക്സിൽ കുറിച്ചു. “ഞാൻ എൻ്റെ ജീവിതം ഇറാനായി സമർപ്പിച്ചവനാണ്. അത് അന്നും ഇന്നും അങ്ങനെതന്നെയാണ്, ഇനിയും മാറ്റമുണ്ടാകില്ല,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ട്രംപിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് പ്രസിഡണ്ടിൻ്റെ ഈ പ്രസ്താവന.
ഹോർമോസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി നിലയങ്ങളും ബോംബിട്ട് തകർക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഇതിനെ പ്രതിരോധിക്കാൻ രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യശൃംഖല’ തീർക്കാൻ ഇറാൻ ഊർജ്ജമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ നിർണ്ണായക കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ നേരിട്ട് രംഗത്തിറങ്ങുന്ന സവിശേഷമായ പ്രതിരോധ രീതിയിലേക്കാണ് ഇറാൻ നീങ്ങുന്നത്.