സിനിമ സംവിധായകൻ ടി.എ. അനീഷിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അനീഷ് ക്രിയേഷൻസ് എന്ന മോഡലിങ് & കാസ്റ്റിങ് ഏജൻസിയുടെ ഉടമയാണ് അനീഷ്. ഫെബ്രുവരി 11ന് കാലിനും കൈക്കും പരുക്കേറ്റ് തമിഴ്നാട് സ്വദേശിയായ അനീഷ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.
പ്രതികളിൽ ഒരാളായ ആശിർവാദ് അനീഷിൽ നിന്ന് വാങ്ങിയ 2.25 ലക്ഷം രൂപ തിരിച്ചുകൊടുക്കാത്തതിൻ്റെയും ലക്ഷ്മി നാരായൺ എന്നയാൾ അനീഷിൻ്റെ റിലീസ് ചെയ്യാത്ത ചിത്രമായ ജീവാനന്ദ ബാഷെയ്ക്കായി നിക്ഷേപിച്ച 6 ലക്ഷം രൂപയുടെയും പേരിലുള്ള തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. ഇതിൽ അനീഷ് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു
അനീഷ് രണ്ടുമാസം മുൻപ് മുംബൈയിലേക്ക് താമസം മാറിയിരുന്നു. തൻ്റെ കാർ വിൽക്കാൻ താൽപര്യമുണ്ടെന്ന് പ്രതികളിൽ ഒരാളും നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യയെ അനീഷ് അറിയിച്ചിരുന്നു. ഐശ്വര്യ ഇത് മറ്റു പ്രതികളെ അറിയിക്കുകയും കാർ വാങ്ങാനെന്ന വ്യാജേന ഇവർ അനീഷിനെ സമീപിക്കുകയും ചെയ്തു. ഫെബ്രുവരി 11ന് കാർ വിൽക്കാൻ അനീഷ് ബെംഗളൂരുവിലെത്തി. പ്രതികൾ അനീഷിനെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രിക്കറ്റ് സ്റ്റംപുകളും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് മർദിക്കുകയും അനീഷിൻ്റെ പക്കലുണ്ടായിരുന്ന 22 ഗ്രാം സ്വർണവും 30,000 രൂപയും സംഘം കവറുകയുമായിരുന്നു. തുമകുരു ജില്ലയിലെ മന്ദാരഗിരി കുന്നിലേക്ക് അനീഷിനെ കൊണ്ടുപോയ സംഘം 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ സമയം ലക്ഷ്മീനാരായൺ വിഡിയോ കോളിലുടെ അക്രമികൾക്ക് നിർദേശം നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് സ്വർണാഭരണങ്ങളും 6 മൊബൈൽ ഫോണുകളും പണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.