ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാര്‍ (എസ്ഡിഒ) തമ്മില്‍ വാക്കേറ്റവും ഭീഷണിമുഴക്കലും. ഡല്‍ഹിയിലെ കര്‍ണാടകഭവനിൽ ജൂലൈ 22-ാം തീയതിയായിരുന്നു സംഭവം. ഡി.കെ. ശിവകുമാറിന്റെ എസ്ഡിഒ ആയ എച്ച്. ആഞ്ജനേയയും സിദ്ധരാമയ്യയുടെ എസ്ഡിഒ ആയ മോഹന്‍ കുമാറും തമ്മിലായിരുന്നു പൊരിഞ്ഞവാക്കേറ്റവും ഭീഷണിമുഴക്കലും നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഞ്ജനേയ സംഭവത്തിന് പിന്നാലെ മോഹന്കുമാറിനെതിരേ കര്‍ണാടക ഭവന് റെസിഡന്റ് കമ്മിഷണര്‍ക്കും കര്‍ണാടക ചീഫ് സെക്രട്ടറിക്കും പരാതിയും നല്കി. തന്നെ മുഖ്യമന്ത്രിയുടെ എസ്ഡിഒ ഷൂ കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആഞ്ജനേയയുടെ പരാതിയിലുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാരത്തര്‍ക്കത്തെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് എസ്ഡിഒമാര് തമ്മിലുള്ള വഴക്കെന്നതും ശ്രദ്ധേയമാണ്.
മറ്റ് ജീവനക്കാർക്കു മുന്നിൽവെച്ചുണ്ടായ ഈ നടപടി തൻ്റെ അഭിമാനത്തെയും അന്തസ്സിനെയും മുറിവേൽപിച്ചുവെന്നും ഷൂ കൊണ്ട് അടിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ആഞ്ജനേയ ആരോപിക്കുന്നുണ്ട്. തനിക്ക് നീതി വേണമെന്നും മോഹൻകുമാറിനെതിരേ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആഞ്ജനേയുടെ പരാതിയിലുണ്ട്.
മോഹൻകുമാർ എസ്ഡിഒ ആയി ചുമതലയേറ്റതിന് പിന്നാലെ ജോലിക്ക് തടസ്സം സൃഷ്ട്ടിക്കപ്പെടുന്നതായും തനിക്ക് തുടർച്ചയായ അപമാനം നേരിടേണ്ടി വന്നതായും ആഞ്ജനേയ കൂട്ടിച്ചേർത്തു. എന്നാൽ തനിക്കെതിരേ ഉയർന്ന ഈ ആരോപണങ്ങൾ മോഹൻകുമാർ തള്ളി. ആഞ്ജനേയ ആണ് അച്ചടക്കമില്ലാതെയും മോശമായും പെരുമാറിയതെന്ന് അദ്ദേഹം ആരോപിച്ചു.