ലോക്‌സഭയില്‍ പുതിയ ഹാജർ നിയമത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്‌സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ട് മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ള ഈ സുപ്രധാന തീരുമാനം അവതരിപ്പിച്ചത്.

സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ മുമ്പ് ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സഭയ്ക്കുള്ളിലെ ഓരോ അംഗത്തിന്‍റെയും സീറ്റിലുള്ള മള്‍ട്ടിമീഡിയ കണ്‍സോളിലൂടെ മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കൂ. എംപിമാരുടെ വിരലടയാളം ഉപയോഗിച്ചായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക. സഭ നിര്‍ത്തിവെച്ചിരിക്കുന്ന സമയത്തോ ബഹളം മൂലം തടസ്സപ്പെട്ടിരിക്കുന്ന സമയത്തോ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയില്ല. ഹാജര്‍ നിലയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

Related Posts