മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്താൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എൻ.ഐ.എ സംഘം. യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ച റാണക്ക് അതീവ സുരക്ഷയാണ് ജയിലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എൻ.ഐ.എ മേധാവി, രണ്ട് ഐ.ജിമാർ, ഒരു ഡി.ഐ.ജി, ഒരു എസ്.പി എന്നിവർ ഉൾപ്പടെ 12 അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്.

റാണയെ പാർപ്പിക്കുന്ന സെല്ലിലേക്ക് ഇവർക്ക് മാത്രമേ പ്രവേശനമുള്ളു. എൻ.ഐ.എ മേധാവി സദാനന്ദ് ദാതേ, ഐ.ജി ആശിഷ് ബത്ര, ഡി.ഐ.ജി ജയ റോയ് എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വേറെ ആർക്കെങ്കിലും റാണയെ സന്ദർശിക്കണമെങ്കിൽ മുൻകുട്ടി അനുമതി ആവശ്യമാണ്. എൻ.ഐ.എ മേധാവിയായ സദാനന്ദ് ദാതേ 1990 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

2008 ലെ മുംബൈ ഭീകരാക്രമണ സൂത്രധാരൻമാരായ അജ്മൽ കസബിനെയും ഇസ്‌യലിനെയും നേരിട്ട ഉദ്യോഗസ്ഥൻ കൂടിയാണ്. റാണയെയും വഹിച്ച് യു.എസിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം വ്യാഴാഴ്ച വൈകീട്ട് 6.30നാണ് ഡൽഹി പാലത്തെ സൈനിക വിമാനത്താവളത്തിലെത്തിയത്. റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് വ്യാഴാഴ്‌ച ഡൽഹിയിൽ ഒരുക്കിയിരുന്നത്.

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് കനത്ത സുരക്ഷയിൽ റാണയെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചത്. ഡൽഹി ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ റാണക്ക് വേണ്ടി നിശ്ചയിച്ചിട്ടുണ്ട്.

Related Posts