ലേഖനം: രമാ പിഷാരടി
“I have had my invitation to this world’s festival, and thus my life has been blessed.”
‘’ഈ ലോകോത്സവത്തിലേക്കുള്ള ക്ഷണം എനിക്ക് ലഭിച്ചു, അങ്ങനെ എൻ്റെ ജീവിതം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’’
വിശ്വകവി രബീന്ദ്രനാഥ ടാഗോറിൻ്റെ ഗീതാഞ്ജലിയിലെ പ്രസിദ്ധവരികളാണിത്.
ക്ഷണപ്രഭാചഞ്ചലമായ ജീവിതം ഋതുക്കളെ പോലെയാണ്. ഓരോ ഋതുക്കളും ഓരോ അവസ്ഥകളാണ്. നിഴലും, വെളിച്ചവും, ഇരുട്ടും പകലും, വസന്തവും, വേനലും, മഞ്ഞും, മഴയും, തണുപ്പുമേകി അവ കടന്ന് പോകും.
ഓണം സമത്വത്തിൻ്റെയും സമൃദ്ധിയുടെയും ഉൽസവമാണ് എന്ന് ഐതിഹ്യം പറയുന്നു. പഴയ ഗ്രാമസ്മൃതികളിൽ ഓണത്തിന് ഇത്രയേറെ പകിട്ടുണ്ടായിരുന്നില്ല. ലാളിത്യത്തിൻ്റെ നേര്യതുകളും അരിക്കോലങ്ങളും തുമ്പച്ചെടിയും തൃക്കാക്കരയപ്പനും, പാടാൻ വരുന്ന പുള്ളോനും മുറ്റത്ത് വിരിയുന്ന നാട്ടുപൂക്കളും ചേർന്ന ഓണക്കാലം. വീടിന് മേച്ചിലോടുകളും, ഓലകളുമുണ്ടായിരുന്ന കാലം സദ്യയുടെ ഇലക്കീറുകളിൽ അല്പം ദാരിദ്രവും തൊട്ട് കൂട്ടാനുണ്ടായിരുന്നു.
ഓണാഘോഷത്തിലെ പുലികളിയും, വള്ളംകളിയും, വടംവലിയും, കുമ്മാട്ടികളിയും, കിളിത്തട്ടും, ഓണവിൽപ്പാട്ടുകളും, മൺവീണയും, പുള്ളോർക്കുടങ്ങളും, തലപ്പന്തുകളിയും നഗരങ്ങളിലേക്ക് ചേക്കേറിയവർക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. പൂക്കളവും, സദ്യയും, ഏറിയാൽ ഒരു വടംവലിക്കുമപ്പുറം ഓലക്കുടയുമായി ഓഡിറ്റോറിയത്തിലൂടെ നടന്ന് വരുന്ന മഹാബലി എന്ന രാജാവിനുമപ്പുറം, കുറെയേറേ ഓണപ്പാട്ടുകൾക്കുമപ്പുറം,ഓണം പുതുതലമുറയ്ക്ക് ഒരു സംഗമാഘോഷം മാത്രമായി ചുരുങ്ങിയിരിക്കുന്നു
ഇന്നത്തെ ഓണം വിപണനസാദ്ധ്യതയുള്ള ഒരാഘോഷമായി മാറിയിരുന്നു. തൊടിയി കണ്ണാന്തളിയും, കദളിയും ഇന്ന് കാണാനില്ല. പകരം ആൽവാർപ്പേട്ടിൽ നിന്നും, തേനിയിൽ നിന്നും, തെങ്കാശിയിൽ നിന്നും ഓണപ്പൂക്കളെത്തുന്നു. വിറകടുപ്പുളുകളുടെ തീനാളങ്ങളിൽ വെന്ത് പാകമായ പാലടകളുടെ സ്ഥാനത്ത് ഇൻസറ്ററ്റ് പായസങ്ങളുടെ പായ്കറ്റുകൾ. സദ്യ പോലും പാർസൽ ആയി വീട്ടിലെത്തുന്ന നഗരവീടുകൾ. . ഓണസദ്യ ഒരുക്കുന്ന ഭക്ഷണശാലകൾ…
കേരളത്തിലെ കുട്ടികൾക്ക് തെയ്യവും, പൂരവും ഓണവും ആഘോഷമാണെങ്കിലും അവിടെയിപ്പോൾ ഒരു ലഹരിപ്പൂമരവും വളർന്ന് വരുന്നുണ്ട് എന്നത് ആകുലതയുളവാക്കുന്നു എന്നത് സത്യമാണ്.
ഒരിക്കൽ നഗരത്തിലെ കുട്ടികളോട് ഓണക്കാലത്ത് ഇങ്ങനെയൊരു ചോദ്യം ചോദ്യം ചോദിക്കുന്നത് കേൾക്കാനിടയായി .
തുമ്പപ്പൂവ് കണ്ടിട്ടുണ്ടോ കുട്ടികളേ
നോ, ഇല്ല അതെന്ത് പൂവ്,
യെസ് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ കണ്ടു. നോട്ട് എ ഗൂഡ് ഫ്ളവർ.
അവിടെ കേട്ട രണ്ട് ഉത്തരങ്ങളും നിഷ്കളങ്കമായിരുന്നു
അങ്ങനെയൊരു പൂവുണ്ടായിരുന്നു. ശ്രീപാർവ്വതിയുടെ പാദം എന്ന് ഇ ഹരികൂമാർ എന്ന പ്രശസ്തനായ കഥാകൃത്ത് വിശേഷിപ്പിച്ച തുമ്പപ്പൂവ്
മഹാബലിയുടെ ആഗ്രഹപ്രകാരമാണ് പൂവുകളില്ലാതെയിരുന്ന തുമ്പച്ചെടിയിൽ പൂക്കാലം വിരിഞ്ഞത്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പൂവാണ് തുമ്പപ്പൂവ്. വിനയത്തിൻ്റെ പ്രതീകമാണ് തുമ്പപ്പൂവെന്ന് കരുതപ്പെടുന്നു. സംസ്കൃതഭാഷയിൽ ദ്രോണപുഷ്പി എന്നു അറിയപ്പെടുന്നു തുമ്പപ്പൂവ്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദമായി തുമ്പപ്പൂ പുരാതന കാലം മുതൽക്കേ കൊടുത്തുവരുന്നു. തുമ്പപ്പൂവുകൾ വീണ്ടും പുരാണസ്മൃതിയുടെ ഇതളുകൾ വിടർത്തുന്നു.
യുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ മണ്ണിൽ ഭൂമിയിലേക്ക് വീണ്ടും ഒരോണം കൂടിയെത്തുന്നു. ഹൃദയത്തിൽ തുമ്പപ്പൂവുകളുടെ സ്മൃതിയും നന്മയുടെ പ്രകാശവും നിറയുമെന്ന് പ്രത്യാശിക്കാം..
മുറ്റത്ത് തുമ്പയുണ്ടായിരുന്നു
മുറ്റത്ത് തുമ്പയുണ്ടായിരുന്നു,
ചോന്ന ചെത്തിയും, ചെമ്പകപ്പൂവും
വെള്ളമന്ദാരവും, നിത്യകല്യാണിയും
കണ്ണാന്തളിപ്പൂ, കടുക്കൻ..
കണ്ണുനീർത്തുള്ളിയും വെള്ളിലപ്പൂക്കളും
വള്ളിപ്പടർപ്പുമൂഞ്ഞാലും
മാൻകുട്ടിയെ പോൽ കുതിച്ച് പായും
പയ്കിടാവും, കിഴക്കിൻ്റെ പാട്ടും
പാൽക്കുടങ്ങൾ, പള്ളിശംഖനാദം,
കടന്നാമ്പൽക്കുളത്തിൻ കലമ്പൽ
മുത്തശ്ശിയെന്നും തെളിച്ചോരു മച്ചിലെ-
കത്തും വിളക്കിൻ്റെ നാളം
രാവിൽ വന്നെന്നും ഭയപ്പെടുത്തും
പനച്ചേലുള്ള യക്ഷിക്കിനാക്കൾ
മിന്നലും, വാളും പെരുംമഴത്തുള്ളിയും
കണ്ണീരുമൊന്നിച്ച് പെയ്യും
പഞ്ഞമാസം കഴിഞ്ഞെങ്ങും പടർന്ന
പുംനെല്ലിൻ്റെ മൺശ്വാസഗന്ധം-
എങ്ങും തിരക്കും, മറന്നിട്ട ഗ്രാമവും
എങ്ങോ തിരഞ്ഞ പൂക്കാലം..
തെങ്കാശിയിൽ നിന്ന് സൂര്യകാന്തിപ്പൂവ്!
മുല്ലയും, പിച്ചകത്തോപ്പും
ജേമന്തി, ബന്തി, കടുംനിറക്കൂട്ടിൻ്റെ
ഓണ പ്പുതുക്കങ്ങളെല്ലാം
തോവാളയിൽ നിന്ന് പൂന്തോട്ടമൊക്കെയും
ഓണത്തിനെത്തുന്നുവല്ലോ
തേനിയും, ശീലയംപെട്ടിയും പൂവുമായ്
പാടത്ത് കാത്തിരിക്കുന്നു;
എങ്ങോവിരിഞ്ഞ പൂവോണത്തിനായ്-
വരാൻ കണ്ണും തുറന്നിരിക്കുന്നു..
മുറ്റത്ത് തുമ്പയുണ്ടായിരുന്നു പണ്ട്
ചെത്തിയും, ചെമ്പകപ്പൂവും
അമ്മയ്ക്ക് പ്രാർത്ഥനക്കായി നന്ത്യാർ-
വട്ട ഗന്ധരാജന്മാരനേകം
കല്യാണസൗഗന്ധികം, ശംഖുപുഷ്പങ്ങൾ
മിന്നുന്ന വാടാത്ത മുല്ല
സ്വർണ്ണകോളാമ്പികൾ, പുത്തിലഞ്ഞിപ്പൂവ്
മണ്ണിൽ പടർന്ന നാട്ടോർമ്മ
മുറ്റത്ത് തുമ്പയുണ്ടായിരുന്നെന്നമ്മ
ഹൃത്തിലായ് തൊട്ട് പാടുന്നു
തുമ്പയുണ്ടെൻ്റെയീ നാട്ടുഗ്രാമത്തിൻ്റെ-
ഇന്നും മറക്കാത്ത മണ്ണിൽ..
കണ്ടതെന്നാണ് ഞാനാ തുമ്പയെ പണ്ട്-
പണ്ടായിരുന്നതാണോർമ്മ
ഓർമ്മകൾക്കുള്ളിലാണെങ്കിലും മുറ്റത്ത്-
പൂവിട്ട കാലത്തിലാകും
തുമ്പ പൂവിട്ടതാമാബലിക്കായ് പണ്ട്-
സങ്കടം തീർക്കുവാനായി
പൂവായ പൂക്കൾ കരിഞ്ഞകാലത്തിലാ
പൂക്കാത്ത തുമ്പയ്ക്ക് പുണ്യം
പൂക്കളത്തിൽ വന്നിരിക്കുവാൻ
വീണ്ടുമായോണത്തിനുള്ളിൽ തിളങ്ങാൻ
മുറ്റത്ത് തുമ്പയുണ്ടായിരുന്നെന്നമ്മ
ഇപ്പോഴും പാടുന്നു കേൾക്കൂ….