നടൻ ആമിർ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ ഫൈസൽ ഖാൻ. തന്നെ ഒരു വർഷം മുഴവൻ ആമിറിന്‍റെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നതായും ഭ്രാന്തിനുള്ള മരുന്നുകൾ നിർബന്ധിച്ച് കഴിപ്പിച്ചിരുന്നതായും താരം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ തുറന്നുപറച്ചിൽ. ആമിർ ഖാന്‍റെ ഇളയ സഹോദരനും നടനുമാണ് ഫൈസൽ ഖാൻ.

പാരാനോയിഡ് സ്കീസോഫ്രീനിയ തനിക്ക് ബാധിച്ചതായി ആരോപിച്ചാണ് കുടുംബം തടഞ്ഞു വച്ചതെന്ന് ഫൈസൽ പറയുന്നു. ‘അവർ എന്നെ ഒരു വർഷം മുഴുവനും ആമിറിന്‍റെ വീട്ടിൽ പൂട്ടിയിട്ടു, നിർബന്ധിച്ച് മരുന്ന് തന്നു. സ്കീസോഫ്രീനിയ എനിക്ക് ഉണ്ടെന്നും സമൂഹത്തിന് അപകടമാണെന്നും അവർ പറഞ്ഞു, എന്‍റെ കുടുംബം മുഴുവനും എന്നെ ഒരു ചക്രവ്യൂഹത്തില്‍ അകപ്പെടുത്തി. കുടുംബം മുഴുവന്‍ എനിക്കെതിരായിരുന്നു. എന്നെ ഒരു ഭ്രാന്തനായാണ് അവര്‍ കണ്ടത്.’ ഫൈസൽ ഖാൻ പറഞ്ഞു.

തന്നെ നിർബന്ധിച്ച് കഴിപ്പിച്ചിരുന്ന മരുന്ന് തന്‍റെ ശാരീരിക ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് നടൻ പറയുന്നു. ഈ മരുന്ന് സ്ഥിരമായി കഴിച്ചത് വഴി തന്‍റെ ഭാരം 103 കിലോഗ്രാം വരെ കൂടി. അത്തരം സാഹചര്യത്തിൽ തന്‍റെ കരിയർ നിലനിർത്താൻ വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്ന് ഫൈസൽ കൂട്ടിച്ചേർത്തു. താരം നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Related Posts