ഇൻഡിഗോ വിമാനസർവീസുകൾ റദ്ദാക്കിയത് കാരണം യാത്രാപ്രതിസന്ധി നേരിടുമ്പോൾ ബെംഗളൂരുവിൽനിന്ന് വിവിധയിടങ്ങളിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. എറണാകുളത്തേക്കുള്ള പ്രത്യേക തീവണ്ടി നാളെ യെലഹങ്ക സ്റ്റേഷനിൽനിന്ന് പുറപ്പെടും. പ്രത്യേക തീവണ്ടി (06148) നാളെ രാവിലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 10.15-ന് എറണാകുളത്ത് എത്തും. 9, 11 തീയതികളിൽ കേരളത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നവർക്കും ഏറെ ആശ്വാസമാണ് ഈ ട്രെയിൻ. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്കുള്ളവർക്ക് വോട്ടുചെയ്യാൻ ഈ തീവണ്ടി ഒരു പരിധിവരെ സഹായിക്കും.
കെആർ പുരം(രാവിലെ 10.23), വൈറ്റ് ഫീൽഡ്(10.38) ബെംഗാരപ്പേട്ട്(11.15), പാലക്കാട് (വൈകീട്ട് 6.25), തൃശ്ശൂർ(7.42), ആലുവ(8.30) എന്നിവിടങ്ങളിലാണ് ഈ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുണ്ടാവുക. ഈ ട്രെയിൻ ഇന്ന് വൈകുന്നേരം എറണാകുളത്തുനിന്ന് (06147) വൈകീട്ട് 4.20-ന് പുറപ്പെട്ട് നാളെ രാവിലെ 8.30-ന് യെലഹങ്കയിൽ എത്തും.
ബെംഗളൂരു-പൂണെ റൂട്ടിലും യെലഹങ്ക-ഷാലിമാർ റൂട്ടിലും ഓരോ പ്രത്യേക സർവീസുകളും ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും യശ്വന്ത്പുരയിൽനിന്ന് നിസാമുദ്ദീനിലേക്കും രണ്ട് സർവീസുകൾ വീതവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
