അമേരിക്ക – ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
എണ്ണ ഉത്പാദക സ്രോതസുകളെ വിപുലപ്പെടുത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്. രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണവും ശേഖരവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയത്തിനു കീഴിൽ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഊർജക്കമ്പനികൾക്ക് ഹോർമുസ് കടലിടുക്ക് വഴിയല്ലാതെയും രാജ്യത്തേക്ക് ഊർജ വിതരണം സാധ്യമാക്കുന്നതിന് പ്രയാസമില്ല. അത്തരം കാർഗോകൾ ഇപ്പോഴും തുടരുന്നതിനാൽ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസങ്ങൾ ലഘൂകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.