ബംഗളൂരുവിൽ കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ച ഭാര്യയെ ഭർത്താവ് വെടിവച്ചുകൊന്നു. തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി. സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. ഭുവനേശ്വരി യൂണിയൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ്.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ൽ ഇവർ ബംഗളൂരുവിലേക്ക് വന്നു. ഇവർക്ക് രണ്ടു മക്കളുണ്ട്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗൻ സംശയിച്ചിരുന്നെന്നും ഇത് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.