ചെന്നൈ–ബെംഗളൂരു ഹൈസ്പീഡ് റെയിൽ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ നടപ്പാക്കലിലേക്ക് നിർണായക ചുവടുവെപ്പായി ദേശീയ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ അടുത്തഘട്ട നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പുതുക്കുന്നതിനും പുതിയ എൻജിനിയറിംഗ് സർവേകൾ നടത്തുന്നതിനുമായി ടെൻഡർ ക്ഷണിച്ചു.

ചെന്നൈ–ബെംഗളൂരു സെക്ഷൻ്റെ ദൈർഘ്യം ഏകദേശം 306 കിലോമീറ്ററാണ്. ചെന്നൈ, പൂണമല്ലി, പരന്തൂർ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ, ബംഗാരുപാലേം, കർണാടകയിലെ കോലാർ, മലൂർ, വൈറ്റ്ഫീൽഡ്, ബെംഗളൂരു എന്നിവിടങ്ങളിലൂടെ പാത കടന്നുപോകുന്ന തരത്തിലാണ് നിലവിലെ രൂപരേഖ. പരന്തൂർ വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലായിട്ടും ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ നിലവിലെ പദ്ധതിയിൽ തുടരുന്നുണ്ട്.

പുതിയ സർവേകളിൽ റൂട്ട് അലൈൻമെന്റ് പുനഃപരിശോധന, ഡ്രോൺ–LiDAR സർവേ, മണ്ണ് പരിശോധന, ജിയോടെക്നിക്കൽ പഠനം, തുരങ്ക സാധ്യതാ പഠനം, നദി മുറിച്ചുകടക്കുന്ന ഭാഗങ്ങളുടെ വിലയിരുത്തൽ, സ്റ്റേഷൻ സർവേ, ഭൂമിയേറ്റെടുക്കൽ പദ്ധതി എന്നിവ ഉൾപ്പെടും. ഈ നടപടികൾ 150 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ശേഷം രാജ്യത്ത് മുൻഗണന ലഭിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതികളിലൊന്നാണ് ചെന്നൈ–ബെംഗളൂരു കോറിഡോർ. പദ്ധതി യാഥാർഥ്യമായാൽ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം ഗണ്യമായി കുറയുകയും ദക്ഷിണേന്ത്യയിലെ സാമ്പത്തിക, വ്യവസായ, ഐടി മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Related Posts