ബിഡദിയിൽ നിർദേശിച്ചിട്ടുള്ള ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതിക്കെതിരെ കർഷകരും പരിസ്ഥിതി പ്രവർത്തകരും നവംബർ ഒന്നിന് ‘സേവ് ബിഡദി’ പ്രചാരണം സംഘടിപ്പിക്കും. കൃഷിഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്നും കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്നുമാണ് ആവശ്യം.

പദ്ധതിക്കെതിരെ ബിഡദി ഗെളെയര ബലഗ ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിടി) സമീപിച്ചിട്ടുണ്ട്. 26 ഗ്രാമങ്ങളിലെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യം പരാതിയിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ പത്തുലക്ഷത്തിലധികം മരങ്ങളുണ്ട്; നാലുലക്ഷത്തോളം തെങ്ങുകളും. പ്രതിദിനം ആറുലക്ഷം ലിറ്ററോളം പാൽ ബെംഗളൂരുവിലെത്തിക്കുന്ന പ്രദേശത്ത് 80,000 മുതൽ ഒരുലക്ഷം വരെ കന്നുകാലികളുണ്ടെന്നാണ് കണക്ക്.

265 കർഷകർ 500.25 ഏക്കറിൽ നടത്തുന്ന മൾബറി കൃഷിയിലൂടെ പ്രതിവർഷം 31.94 കോടി രൂപയുടെ പട്ടുനൂൽപ്പുഴുക്കൂടുകൾ ഉൽപാദിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. വൃഷഭാവതി നദിയുമായി ബന്ധപ്പെട്ട ജലസേചന കനാലുകൾക്കും തടാകങ്ങൾക്കും വനഭൂമിക്കും പദ്ധതി ഭീഷണിയാകുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക.

നിർബന്ധമായ പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങൾ നടത്തിയിട്ടുണ്ടോയെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ നിയമപ്രകാരമാണോയെന്നും സമരക്കാർ ചോദ്യം ചെയ്യുന്നു. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പിൻവലിക്കുന്നതുവരെ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

Related Posts