രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തലസ്ഥാന നഗരം ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. രാവിലെ ഏഴുമണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.

ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന പ്രത്യേകതയായി ചെങ്കോട്ടയിൽ ആദ്യമായി ‘വന്ദേമാതരം’ ആലപിക്കും. ‘വന്ദേമാതരം’ രചിക്കപ്പെട്ടതിൻ്റെ 150-ാം വാർഷികവും ചടങ്ങിൽ അനുസ്മരിക്കും. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് യുവജനങ്ങളുടെ സംഭാവന ഉയർത്തിക്കാട്ടുന്ന തരത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നായി ഏകദേശം 5,000 വിശിഷ്ടാതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെയുള്ളവർ സ്വീകരിക്കും. തുടർന്ന് കര, നാവിക, വ്യോമസേനകളുടെയും ഡൽഹി പൊലീസിൻ്റെയും സംയുക്ത സംഘം പ്രധാനമന്ത്രിക്ക് ജനറൽ സല്യൂട്ട് നൽകും. ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിലെ കൊത്തളത്തിലേക്ക് പോകും.

കേന്ദ്രമന്ത്രിമാർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്ന് സേനാ മേധാവികൾ തുടങ്ങിയവർ പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് ദേശീയപതാക ഉയർത്തുന്നതിനായി അദ്ദേഹത്തെ വേദിയിലേക്ക് ആനയിക്കും.

21 ആചാര വെടിയൊച്ചകളുടെ അകമ്പടിയോടെയാണ് ദേശീയപതാക ഉയർത്തുക. തദ്ദേശീയമായി നിർമിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗണ്ണുകളാണ് ചടങ്ങിൽ ഉപയോഗിക്കുക. ദേശീയപതാക ഗാർഡ് രാഷ്ട്ര സല്യൂട്ട് നൽകുകയും ചെയ്യും.

പതാക ഉയർത്തിയതിന് ശേഷം കരസേനാ ബാൻഡ് ‘വന്ദേമാതരം’ വായിക്കും. തുടർന്ന് ചെങ്കോട്ടയിൽ സന്നിഹിതരായവർ ദേശീയഗാനം ആലപിക്കും. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയ ഉടൻ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ചടങ്ങ് നടക്കുന്ന വേദിയിൽ പുഷ്പവൃഷ്ടി നടത്തും.

ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ ‘വന്ദേമാതരം’ ആലേഖനം ചെയ്ത പതാകയും വഹിച്ചായിരിക്കും പറക്കുക.

പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗത്തിന് ശേഷം എൻസിസി കേഡറ്റുകളും ‘മൈ ഭാരത്’ വളണ്ടിയർമാരും ‘വന്ദേമാതരം’ ആലപിക്കുകയും തുടർന്ന് ദേശീയഗാനം ചൊല്ലുകയും ചെയ്യും.

കര, നാവിക, വ്യോമസേനകളിൽ നിന്നുള്ള ആൺ-പെൺ കേഡറ്റുകൾ ഉൾപ്പെടെ 2,500ഓളം എൻസിസി കേഡറ്റുകളും ‘മൈ ഭാരത്’ വളണ്ടിയർമാരും ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും.

Related Posts