ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഉടൻ അധികാരമേൽക്കാൻ ബിജെപി നീക്കം. രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു.
ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തുവിട്ടത്. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടിൽ മമത 19,000 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ 11,000 വോട്ടുകൾക്ക് സുവേന്ദു മുന്നിലെത്തുകയും ചെയ്തു.