മംഗളൂരുവിൽ ജൂനിയർ വിദ്യാർഥികളെ സംഘംചേർന്ന് മർദിച്ച കേസിൽ അഞ്ച് മലയാളി കോളജ് വിദ്യാർഥികളെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. പാണ്ഡേശ്വർ ശ്രീനിവാസ് കോളജിലെ രണ്ടാം വർഷ ലോജിസ്റ്റിക്സ് ഡിപ്ലോമ വിദ്യാർഥികളായ രോഹൻ രമേഷ് (19), കെ. വേദാന്ത് സുഹാസ് (19), എം.പി. റഹാൻ (19), പി. മുഹമ്മദ് ഹർബാൻ (19), പി.കെ. റെജിൻ (19) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഒന്നാം വർഷ വിദ്യാർഥികളായ മലയാളികളായ ജസീൻ ഖാദർ, പി.എസ്. ആദർശ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചൊവ്വാഴ്ച വൈകിട്ട് ജെപ്പു ഗുജ്ജരെക്കരെയിൽ ഭക്ഷണം കഴിക്കാനെത്തിയ ജൂനിയർ വിദ്യാർഥികളെ സീനിയർമാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. കോളജിൽ ഷൂസ് ധരിച്ച് എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. “ഇനി ഇത്തരത്തിൽ ആവർത്തിക്കരുത്” എന്ന് പറഞ്ഞാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ ഒരു വിദ്യാർഥിക്ക് കഴുത്തിന് ഉൾപ്പെടെ പരിക്കേറ്റതിനെ തുടർന്ന് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആറ് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം.

അറസ്റ്റിലായ വിദ്യാർഥികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts