ആയുഷ്മാൻ ഭാരത് ആരോഗ്യ കർണാടക പദ്ധതി ഗുണഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രികൾക്ക് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദറിൻ്റെ മുന്നറിയിപ്പ്. സർക്കാരിൻ്റെ ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിൽ ആരോഗ്യ വകുപ്പിൻ്റെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്പോൺസർ ചെയ്യുന്ന ആരോഗ്യ പദ്ധതികൾക്ക് കീഴിൽ ചികിത്സ നൽകാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യ മിത്രങ്ങൾ അവരുടെ കർത്തവ്യങ്ങളിൽ പരാജയപ്പെടുകയോ രോഗികളെ ശരിയായി സഹായിക്കാതിരിക്കുകയോ ചെയ്താൽ, അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.