അഹമ്മദാബാദ് വിമാനപകടത്തിൽ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മഹേഷ് അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല. വിമാനം വീണ് തീപ്പിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ ഷാഹിബാഗിന് സമീപത്തു നിന്ന് സംഭവദിവസം കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മഹേഷ് കലവാഡിയ എന്നാണ്.
മഹേഷ് ജിറാവാലയുടെ സ്കൂട്ടർ അപകടസ്ഥലത്തു നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനു മുൻപ് അവസാനം ട്രാക്ക് ചെയ്തതും ഇതേ സ്ഥലത്തായിരുന്നു. അദ്ദേഹം അപകടത്തിൽപ്പെട്ടവരിൽ ഒരാളായിരിക്കാനുള്ള സാധ്യതയിലേക്ക് ഇതെല്ലാം വിരൽചൂണ്ടി. ഈ കണ്ടെത്തലുകളാണ് അപകടത്തിൽ അദ്ദേഹത്തിൻ്റെ ദാരുണമായ മരണം സ്ഥിരീകരിക്കാൻ ഒടുവിൽ സഹായിച്ചത്.
മരിച്ചത് ജിറാവാലയാണെന്ന് ഡിഎൻഎ പരിശോധനാ ഫലങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹേഷ് ജിറാവാല മരിച്ചു വെന്ന് വിശ്വസിക്കാൻ കഴിയാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിൻ്റെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ, പോലീസ് അദ്ദേഹത്തിൻ്റെ ആക്ടീവയുടെ നമ്പറും ഡിഎൻഎ റിപ്പോർട്ടും ഉൾപ്പെടെ ശക്തമായ തെളിവുകൾ ഹാജരാക്കിയതിന് ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം സമ്മതിച്ചത്. ജിറാവാലയുടെ മരണം അദ്ദേഹത്തിന്റെ ആരാധകർക്കും ഗുജറാത്തി സിനിമാ ലോകത്തിനും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.