വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. അഹമ്മദബാദ് ദുരന്തത്തിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തന്റെ പിതാവും മരിച്ചത് അപകടത്തിലാണ്. ആ വേദന എത്രയെന്ന് നന്നായറിയാം. അപകടസ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വളരെ വേഗം അന്വേഷണം തുടങ്ങി. കുടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. അപകടത്തിൻ്റെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ഉന്നതതല സമിതി രൂപീകരിച്ചത്.