കന്നഡയിൽ ഉപയോക്താവിനോട് സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ എസ്‌ബിഐ സ്ഥലം മാറ്റിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് മാനേജരുടെ നടപടിയെ അപലപിച്ച് പങ്കുവെച്ച സാമൂഹികമാധ്യമ കുറിപ്പിലാണ്. ഇംഗ്ലീഷിലോ കന്നഡയിലോ സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്‌ത ബാങ്ക് മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ എസ്ബിഐയുടെ നടപടിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഈ വിഷയം ഇതോടെ ഇവിടെ അവസാനിപ്പിക്കാമെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഉപയോക്താക്കളോട് എല്ലാ ബാങ്ക് ജീവനക്കാരും മാന്യമായി പെരുമാറുകയും പ്രാദേശിക ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുകയും വേണം. ബാങ്ക് ജീവനക്കാർക്ക് ഇതുസംബന്ധിച്ച പരിശീലനം നിർബന്ധമാക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കുകയാണ്. പ്രാദേശിക ഭാഷയെ ബഹുമാനിക്കുക എന്നാൽ ജനങ്ങളെ ബഹുമാനിക്കുക എന്നതാണെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

കർണാടകയിലെ അനേകൽ സൂര്യനഗര എസ്ബിഐ ശാഖയിൽനിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞദിവസമാണ് വൈറലായത്. കന്നഡ സംസാരിക്കണമെന്നും ഇത് കർണാടകയാണെന്നും ഉപയോക്താവ് ആവശ്യപ്പെട്ടപ്പോൾ ബാങ്ക് മാനേജരായ യുവതി അതിന് വിസമ്മതിക്കുകയായിരുന്നു. നിങ്ങൾ അല്ല തനിക്ക് ജോലി നൽകിയതെന്നും മാനേജർ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ഉപയോക്താവ് ഇത് കർണാടകയാണെന്ന് പറഞ്ഞപ്പോൾ ഇത് ഇന്ത്യയാണെന്നായിരുന്നു മാനേജരുടെ മറുപടി. നിങ്ങൾക്കുവേണ്ടി കന്നഡ സംസാരിക്കില്ലെന്നും ഹിന്ദിയിലേ സംസാരിക്കുകയുള്ളൂവെന്നും മാനേജർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Related Posts