സർക്കാർ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം പകരം, കർണാടക സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സ്വകാര്യ മരുന്നുശാലകളിലേക്ക് സർക്കാർ ആശുപ്രതികളിൽ നിന്ന് ഡോക്ടർമാർ കുറിപ്പടി നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആശുപത്രികളിൽ നിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷനോട് (കെ.എസ്.എം.എസ്.സി.എൽ) സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനറിക് മരുന്നുകളുടെ കാര്യത്തിൽ കേന്ദ്ര സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പി.എസ്.യൂസ് ഓഫ് ഇന്ത്യയോട് (ബി.ബി.പി.ഐ) വിലപേശൽ നടത്താനും കെ.എസ്.എം.എസ്.സി.എല്ലിന് നിർദേശം നൽകി. ബി.ബി.പി.ഐയിൽ നിന്ന് ഇതോടെ കുറഞ്ഞ വിലക്ക് സർക്കാർ ആശുപത്രികൾക്ക് നേരിട്ട് മരുന്നു വാങ്ങാനും അവ സൗജന്യമായി രോഗികൾക്ക് നൽകാനും കഴിയും.