പാക് ഭീകരത ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ വിവിധ രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയക്കുന്ന ഒരു സംഘത്തെ ശശി തരൂര്‍ നയിക്കും. തരൂര്‍ കേന്ദ്ര സര്‍ക്കാരിൻ്റെ ക്ഷണം സ്വീകരിച്ചു. യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്കാണ് തരൂര്‍ ഉള്‍പ്പെടുന്ന സംഘം പര്യടനം നടത്തുക. സംഘത്തിൻ്റെ യാത്ര മേയ് 22 മുതല്‍ ജൂണ്‍ പകുതി വരെയാണ് തീരുമാനിച്ചിരിക്കുന്നത്.

കാശ്മീർ പഹല്‍ഗാം ആക്രമണം മുതല്‍ ഓപറേഷന്‍ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെൻ്ററി പാനലിൻ്റെ തലവന്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെയും അതുപോലെ തന്നെ മുന്‍മന്ത്രിമാരെയും ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തിലെ അംഗങ്ങളുടെ കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും 30 ലധികം പേരുണ്ടാകുമെന്നാണ് സൂചന.

Related Posts