പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാജ്യതലസ്ഥാനത്ത് നിർണായക കൂടിക്കാഴ്ച. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി (സിഡിഎസ്), കര -വ്യോമ-നാവികസേനാ മേധാവികൾ എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യ-പാക് സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
സൈന്യത്തിൻ്റെ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂളുകൾ, ജനവാസ മേഖലകൾ, ആശുപത്രികൾ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. വെള്ളിയാഴ്ച ഇന്ത്യയിലെ 26-ൽ അധികം പ്രദേശങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പാകിസ്താൻ നീക്കം തടഞ്ഞതായി പ്രതിരോധ-വിദേശകാര്യ മന്ത്രാലയം ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.