വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന്പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂർ സമയത്തേക്കാണ് വിമാനത്താവളങ്ങൾ അടച്ചത്. ജമ്മു, ശ്രീനഗർ, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങൾ അടച്ചു. വിമാനസർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. പാകിസ്‌താനിലേയ്ക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.

മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ശ്രീനഗർ, ജോധ്‌പൂർ, അമൃത്സർ, ചണ്ഡീഗഡ്, രാജ്കോട്ട്, ഭുജ്, ജാംനഗർ, ലേ, ജമ്മു, എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർ ഇന്ത്യ. അമൃത്സറിലേക്കുള്ള 2 അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു വിട്ടു.

വിമാനസർവീസുകളെ നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ടെന്നും സമയ ക്രമീകരണങ്ങൾക്കും അറിയിപ്പുകൾക്കുമായി വെബ്സൈറ്റ് സന്ദർശിക്കണമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങള്‍ അടച്ചത്. പാക് അധീന കശ്മീരിലെ അടക്കം 9 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1.44 നായിരുന്നു സൈന്യത്തിൻ്റെ തിരിച്ചടി.

Related Posts